Monday, February 13, 2017

History of Valentine's day

"History of Valentine's Day"
പ്രണയിക്കാന്‍ ഒരു ദിനം ആവശ്യമുണ്ടോ? പ്രണയിക്കുന്നവര്‍ എന്നും, അല്ല ഓരോ നിമിഷവും പ്രണയിച്ചുകൊണ്ടിരിക്കുകയല്ലേ? എന്നൊക്കെ പറയാമെങ്കിലും പ്രണയത്തിനുമാകാം ഒരു ദിനം, തിരക്കുകള്‍ക്കിടയില്‍ വെറുതെ പ്രണയത്തെക്കുറിച്ച് ഓര്‍ക്കാന്‍ മാത്രമായി ഒരു ദിനം.
ക്ലോഡിയസ് ചക്രവര്‍ത്തിയുടെ പള്ളിവാള്‍ പോലും നിഷ്പ്രഭമായിപ്പോയത്രയും പ്രണയം ഉള്ളിലൊതുക്കിയ വാലന്റൈന്‍ പാതിരി സമ്മാനിച്ചതാണ് പ്രണയദിനം. പ്രണയിച്ച് മതി വരാത്തവര്‍ക്കായി, പ്രണയം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാത്തവര്‍ക്കായി എങ്ങനെ മനസ്സില്‍ പ്രണയത്തിന്റെ ഒരു പൊടിയെങ്കിലും സൂക്ഷിയ്ക്കുന്നവര്‍ക്കായിമാത്രമുള്ളതാണ് പ്രണയദിനം.
സ്‌നേഹവിശുദ്ധനായ പാതിരി വാലന്റൈന്‍ പ്രണയിക്കുന്നവരുടെ സാഫല്യത്തിനായി സ്വന്തം ജീവന്‍ ബലികൊടുത്ത ദിവസമാണ് നമ്മള്‍ വാലന്റൈന്‍സ് ദിനമായി ആഘോഷിക്കുന്നത്. പ്രണയത്തിനെതിരെ തിരിഞ്ഞ ചക്രവര്‍ത്തി ക്ലോഡിയസിന്റെ സര്‍വ്വാധിപത്യത്തിലായിരുന്നു റോം അന്ന്.
യുദ്ധവിജയം മാത്രം ലക്ഷ്യം വച്ച ക്ലോഡിയസിന്റെ ഹൃദയം കഠിനമായിരുന്നു. ആണും പെണ്ണും കാണുകയും പ്രണയിക്കുകയും ചെയ്താല്‍ യുദ്ധവീര്യം കെട്ടുപോകുമെന്ന് വിശ്വസിച്ച പാമരന്‍. അങ്ങനെ അദ്ദേഹം റോമില്‍ വിവാഹങ്ങള്‍ക്ക് കര്‍ശനമായ വിലക്കേര്‍പ്പെടുത്തി. വിവാഹം ചെയ്യുന്നവരുടെ കഴുത്തറക്കാന്‍ ഉത്തരവിട്ടു.
യുവാക്കളെല്ലാം പട്ടാളത്തില്‍ ചേരണമെന്നും ഉത്തരവിട്ടു. ഇങ്ങനെ ഉള്ളസ്‌നേഹവും പ്രണയവുമെല്ലാം ഉള്ളില്‍ അടക്കിവച്ച് റോമിലെ യുവത്വം വീര്‍പ്പുമുട്ടി. അവര്‍ക്ക് സാന്ത്വനമായി വന്നയാളാണ് വാലന്റൈന്‍. എല്ലാ വിലക്കുകളെയും മറന്ന് പ്രണയിക്കുന്നവര്‍ക്ക് താലികെട്ടാന്‍ അദ്ദേഹം പള്ളിമേടയില്‍ ഇടമൊരുക്കി.
തീര്‍ത്തും രഹസ്യമായി ഇതു നടന്നുപോന്നു. ഇങ്ങനെ ഒരു ദിവസം ഫാദര്‍ വാലന്റൈന്‍ വിവാഹിതരെ ആശീര്‍വദിക്കുന്നത് ക്ലോഡിയസിന്റെ സൈന്യം കണ്ടുപിടിച്ചു. ഫാദറിനെ സൈന്യം തടവിലാക്കി. കഴുത്തറുത്ത് കൊല്ലാനായിരുന്നു ക്ലോഡിയസ് ഉത്തരവിട്ടത്.
തടവിലാക്കപ്പെട്ട അന്നുമുതല്‍ തങ്ങളുടെ പ്രിയ വാലന്റൈന് വേണ്ടി റോം നഗരത്തിലെ യാവാക്കളെല്ലാം സ്‌നേഹവാക്കുകളുമായി ജയില്‍ അദ്ദേഹത്തെ കാണാനെത്തുക പതിവായി. ജയിലിലെ സൂപ്രണ്ടിന്റെ മകളും ഒരു ദിനം വാലന്റൈനെ കാണാനെത്തി.
പുരോഹിതനുമായി അവള്‍ സംസാരിക്കുകയും പിന്നീട് അദ്ദേഹത്തിനു വേണ്ടി അവള്‍ രഹസ്യമായി വിവാഹങ്ങള്‍ നടത്തിക്കൊടുക്കുകയും ചെയ്തു. ഒടുവില്‍ വധിശിക്ഷയുടെ ദിവസം, അതൊരു ഫെബ്രുവരി 14 ആയിരുന്നു, ആ പെണ്‍കുട്ടിയ്ക്കുവേണ്ടി വാലന്റൈന്‍ ഇങ്ങനെ എഴുതിവച്ചു "ലവ് ഫ്രം യുവര്‍ വാലന്റൈന്"‍. ഇതാണ് പിന്നീട് ലോകം ഏറ്റുപാടിയത്.
പ്രണയത്തിന് വേണ്ടി ജീവന്‍ കളഞ്ഞ ഒരു പുരോഹിതന്‍, ഈ സ്‌നേഹസ്മരണയാണ് ഇന്നത്തെ വാലന്റൈന്‍ ദിനം. പക്ഷേ ഇന്ന് പ്രണയദിനം ആഘോഷിയ്ക്കുന്ന ആരെങ്കിലും ഇത്രയും വേദന നിറഞ്ഞ ഒരോര്‍മ്മ ഇതിന് പിന്നിലുണ്ടെന്ന് ഓര്‍ക്കാറുണ്ടോയെന്നത് അര്‍ത്ഥമില്ലാത്ത ഒരു ചോദ്യമാണ്.
ആഘോഷങ്ങള്‍ക്കിയില്‍ എന്ത് ഓര്‍മ്മദിനം. എങ്കിലും അറിയാതെ പ്രണയികള്‍ ആ വാക്ക് ഉരുവിടുകയാണ് വാലന്റൈന്‍, വാലന്റൈന്‍..... അങ്ങനെ അങ്ങനെ വാലന്റൈന്‍ പ്രണയത്തിന്റെ പ്രണയിയുടെ പ്രതിരൂപമായി മാറുന്നു.
വിദേശരാജ്യങ്ങളില്‍ അക്കാലം മുതല്‍തന്നെ വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ഇത് എത്തിയിട്ട് കാലമേറെയായിട്ടില്ല. ഈ കടന്നുകയറ്റത്തിന്റെ ആഗോളവല്‍ക്കരണത്തെയും കച്ചവടവല്‍ക്കരണത്തെയുമൊക്കെ കുറ്റപ്പെടുത്താമെങ്കിലും പ്രണയദിനം ആഘോഷിച്ചതുകൊണ്ട് ആര്‍ക്കുണ്ട് നഷ്ടം.
പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രണയിയ്ക്കട്ടെ. ഇത് അതിരുവിടുമ്പോള്‍ മാത്രമേ നമ്മുടെ സദാചാര പൊലീസുകാര്‍ കണ്ണിമിഴിക്കേണ്ടതുള്ളു. പ്രണയികള്‍ പ്രണയദിനത്തില്‍ ഒരുമിച്ച് നടന്നുവെന്ന് വച്ച് എന്തുസംഭവിക്കാനാണ്. പ്രണയദിനമല്ലാത്തപ്പോഴും ഇവര്‍ ഒരുമിച്ച് നടക്കാറുള്ളതല്ലേ.
ഇന്നിപ്പോള്‍ പ്രണയദിനം എത്തുന്നതിനും ഒരാഴ്ചമുമ്പേ ഇന്ത്യയില്‍ പലയിടങ്ങളും പ്രണയത്തിന്റെ പേരില്‍ കലാപഭൂമിയായി മാറുകയാണ്. യഥാര്‍ത്ഥത്തില്‍ നിര്‍മ്മല പ്രണയമെന്ന ആശയം ഉയര്‍ത്തിയ ആ പാവം പാതിരിയെ നാണിപ്പിച്ചുകളയുന്ന മാറ്റം.
എങ്ങാനും ഇന്ത്യയിലെ പ്രണയദിനവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അദ്ദേഹം കാണുകയാണെങ്കില്‍ തലയില്‍ കൈവച്ച് തിരിഞ്ഞോടുമെന്ന് ഉറപ്പാണ്, ഇതായിരുന്നോ ഞാന്‍പറഞ്ഞ പ്രണയം എന്നദ്ദേഹം സങ്കടപ്പെടുകയും ചെയ്യും.
പ്രണയ ചിന്തകളുമായി നമ്മുടെ ഓര്‍മ്മകളില്‍ നിലാവ് പരത്തുന്ന വാലന്റൈന്‍ പാതിരിയെ നാം എന്തിന് എതിര്‍ക്കണം? എല്ലാ സംസ്കാരങ്ങളുടെയും നന്മകള്‍ സ്വാംശീകരിക്കുന്ന നമുക്ക് പ്രണയം ഒരിക്കലും നിഷേധിക്കപ്പെട്ട ഒന്നായിരുന്നില്ല.
പ്രണയത്തെയും ലൈംഗികതയെയും ദൈവികമായും ശാസ്ത്രീയമായും സമീപിച്ചവാരായിരുന്നു നമ്മുടെ പൂര്‍വ്വികര്‍, വത്സ്യായനനെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ ഇത് മനസ്സിലാക്കാവുന്നതേയുള്ളു. സമൂഹത്തില്‍ പ്രണയം നിരോധിച്ചു എന്ന കുറ്റമാരോപിച്ച് പുരാണങ്ങളിലും ഐതീഹ്യങ്ങളിലും എന്തിന് ചരിത്രത്തില്‍ നമുക്ക് ഒരു ഭാരതീയന്റെ പേരും എടുത്ത് പറയാന്‍ കഴിയില്ല.
എന്നാല്‍ ആഘോഷങ്ങളുടെ സാംസ്കാരികമായ അധ:പതനം ഉണ്ടാവുന്നു എങ്കില്‍ അതിനോട് പ്രതികരിക്കാം. പ്രതിഷേധത്തിനും പ്രതികരണത്തിനുമുള്ള അവസരങ്ങള്‍ എല്ലാവര്‍ക്കുമുണ്ട് അതുപോലെതന്നെ വ്യക്തിസ്വാതന്ത്ര്യങ്ങളും എല്ലാവര്‍ക്കുമുണ്ട്. ജനാധിപത്യ വിരുദ്ധമായ സമീപനങ്ങളെയും കപടവാദങ്ങളെയും തിരിച്ചറിയുകയെന്നതാണ് മുഖ്യം.

Wednesday, March 30, 2016

Bestfriends

You are my best friend, my human diary, and my other half. You mean the world to me and i LOVE you